തലക്കെട്ടുകളിൽ പെട്ടുപോകുന്ന സ്ത്രീകൾ
"അമ്മയുടെ അവിഹിതം മകളുടെ ജീവിതം തകർക്കുമ്പോൾ " കൃത്യമായി ഇതായിരുന്നോ അവർ പറഞ്ഞ തലവാചകം എന്ന് ഓർമ്മയില്ല. പക്ഷെ കാര്യം ഇത് തന്നെ ആയിരുന്നു . അമ്മയുടെ കാമുകൻ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. എന്നാൽ ഈ തലവാചകത്തിലെ പ്രതിയും കുറ്റക്കാരിയും അമ്മയാണ്. എത്രയെളുപ്പമാണ് കുറ്റം ആരുടെ മേൽ ചാർത്തണമെന്നു മീഡിയയും സമൂഹവും തീരുമാനിക്കുന്നത് .
പീഡിപ്പിച്ച പുരുഷനെക്കുറിച്ച് ഈ വാർത്തയുടെ തലവാചകത്തിൽ ഒന്നും തന്നെ സൂചിപ്പിക്കുന്നില്ല. ഇവിടെ കുറ്റക്കാരി അമ്മയാണെന്നതാണ് വാർത്തയുടെ തലക്കെട്ട് നൽകുന്ന സൂചന . അമ്മയുടെ അവിഹിതമാണ് ആ മകളുടെ ജീവിതം തകർത്തത് . അമ്മയ്ക്കുണ്ടായ ബന്ധമാണ് ഇവിടെ പ്രശ്നം. 'അമ്മ അത്തരമൊരു ബന്ധത്തിന് മുതിർന്നില്ലായിരുന്നുവെങ്കിൽ ആ മകൾക്ക് ഇത് സംഭവിക്കില്ലായിരുന്നു . എങ്ങനെ ഇത് ഇത്തരത്തിൽ മാത്രമായി നമുക്ക് വായിച്ചെടുക്കുവാൻ കഴിയുന്നു എന്നത് അത്ഭുതമാണ് . അമ്മയുമായി ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആ പുരുഷൻ സമൂഹത്തിൽ തന്നെയുണ്ട് . ഈ സാഹചര്യത്തിൽ അല്ലെങ്കിൽ മറ്റൊരു സാഹചര്യത്തിൽ അയാൾ ഇത് തന്നെയല്ലേ ചെയ്യുക . അപ്പോഴെങ്ങനെയാണ് അമ്മയുടെ ബന്ധമാണ് മകളുടെ ജീവിതം തകർത്തതെന്ന് ഇത്രയെളുപ്പത്തിൽ നമുക്ക് പറയാൻ കഴിയുക. സ്ത്രീയ്ക്ക് ബന്ധമുണ്ടായതാണ് ഇവിടെ തെറ്റെന്നു യാതൊരു കൂസലുമില്ലാതെ പറഞ്ഞു വയ്ക്കുന്നു . കേൾവിക്കാർ അത് തൊണ്ട തൊടാതെ വിഴുങ്ങുന്നു .
ഈ വാർത്ത കേൾക്കുന്ന ഒരു ശരാശരി മനുഷ്യന്റെ ചിന്ത പോകുന്നത് കുട്ടിയെ പീഡിപ്പിച്ച മനുഷ്യനിലേക്കും അതിനും മുൻപേ ആ പീഡകനെ ആ വീട്ടിൽ കയറ്റിയ അമ്മയിലേക്കുമാണ്. വേട്ടക്കാരനെ തിരയുന്നതിലും മുൻപ് സദാചാരത്തിന്റെ കണ്ണുകളുമായാണ് സമൂഹം ഈ വാർത്ത കാണുന്നത്.
ബന്ധം എന്ത് തന്നെ ആയിരുന്നാലും പീഡനം എന്നത് ശരിയാണോ ? അല്ല. അപ്പോൾ പീഡിപ്പിച്ച ആളും കുട്ടിയും തമ്മിലുള്ള ബന്ധം, എങ്ങനെ അവർ തമ്മിൽ പരിചയത്തിലാവുന്നു, എങ്ങനെ അയാൾ കുട്ടിയെ പീഡിപ്പിക്കുന്നതിലേക്കെത്തുന്നു എന്ന ചോദ്യങ്ങൾ പ്രസകതമാകുന്നതെങ്ങനെയാണ് ? സാഹചര്യങ്ങൾക്കനുസരിച്ച് കുറ്റം ന്യായീകരിക്കാം എന്നാണോ ?
അയാൾ മാത്രമാണ് അവിടെ കുറ്റക്കാരൻ, അയാൾ മാത്രമാണ് പീഡിപ്പിച്ചത്, അയാൾക്ക് ആരെങ്കിലും ഒത്താശ ചെയ്തുവെങ്കിലും അവരും . അല്ലാതെ അമ്മയുടെ ബന്ധമല്ല പ്രശ്നം.
Comments
Post a Comment